About St Peters Church Peechanikkadu
ത്രിയേക ദൈവത്തിന്‍റെ അളവറ്റ കൃപയാല്‍ അടിസ്ഥാന ശിലാസ്ഥാപനകാലം മുതല്‍ ഇന്നുവരെയുള്ള നൂറ്റിമുപ്പത്തി ഒന്‍പത് വര്‍ഷക്കാലം ഈ ദേശത്തിന്‍റെ നാനാവിധമായ നവോത്ഥാനത്തിനും ‘ആത്മാവില്‍ ദരിദ്രരായ’ വിശ്വാസികളുടെ അഭ്യുന്നതിക്കും, ആത്മനിറവിനും നിദാനമായി പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമങ്ങളാല്‍ ദൈവീക നല്‍വരങ്ങളെ വര്‍ഷിച്ചുകൊണ്ട് പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് കിഴക്കെപുത്തന്‍പള്ളി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍കീഴില്‍ നിലകൊള്ളുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങളില്‍ ആരംഭംകുറിച്ച്, ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ഇരുപത്തിഒന്നാം നൂറ്റാണ്ടിലൂടെ കടന്നുപോകുമ്പോള്‍ ചരിത്രവഴിയിലെ അവിസ്മരണീയമായ മറ്റൊരു മുഹൂര്‍ത്തത്തിന് വാര്‍ഷിക പെരുന്നാളിലൂടെ നാം സാക്ഷ്യം വഹിക്കുകയാണ്. പൂര്‍വ്വപിതാക്കന്മാരുടെ വിശ്വാസ തീക്ഷ്ണതയുടെയും, സ്നേഹത്തിന്‍റെയും, ത്യാഗത്തിന്‍റെയും സ്മരണ പുതുക്കിക്കൊണ്ട് ക്രിസ്തീയ കൂട്ടായ്മയുടെ ഒരു പുതിയ സുവിശേഷം ഈ തലമുറയിലെ ദൈവമക്കള്‍ എഴുതിച്ചേര്‍ക്കുകയാണ്.
അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരി.പത്രോസിന്‍റെ പിന്‍ഗാമിയായി അപ്പോസ്തോലിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളിയ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ 1876-ല്‍ മലങ്കരയില്‍ ശ്ലൈഹികസന്ദര്‍ശനം നടത്തി മുളന്തുരുത്തിയില്‍ അല്പകാലം താമസിച്ചിരുന്നു. നമ്മുടെ പൂര്‍വ്വികരായ ഇന്നാട്ടിലെ സത്യവിശ്വാസികള്‍ കൂരന്‍താഴത്തുപറമ്പില്‍ ബഹു.പൗലോസ് കത്തനാരുടെയും, കൂരന്‍ ബഹു. ഇട്ടീര കത്തനാരുടെയും നേതൃത്വത്തില്‍ പരിശുദ്ധ പിതാവിന്‍റെ സന്നിധിയില്‍ സങ്കടം പറഞ്ഞ് ആവശ്യം ഉണര്‍ത്തിച്ചപ്പോള്‍ ബാവ സന്തോഷപൂര്‍വ്വം കല്‍പ്പിച്ച് ദനഹാപെരുന്നാള്‍ ദിനമായ ജനുവരി 6-ാം തീയതി വാഴ്ത്തി അനുഗ്രഹിച്ച് കൊടുത്തയച്ച കല്ല് അടിസ്ഥാനമാക്കി 1876 ഫെബ്രുവരി 14-ന് (കൊല്ലവര്‍ഷം 1051 കുംഭം 1) ഈ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. പരിശുദ്ധ പിതാവ് മറ്റ് ഏതാനും പള്ളികള്‍ക്കും ശില വാഴ്ത്തി നല്‍കിയതായും ആ പളളികളെല്ലാം തന്നെ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലാണ് പിതമായിട്ടുള്ളതെന്നും ചരിത്ര രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1876 മിഥുനം 15,16,17 തീയതികളില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ വിളിച്ചുകൂട്ടിയ ചരിത്ര പ്രസിദ്ധമായ സുന്നഹദോസിനോടനുബന്ധിച്ച് നടന്ന പള്ളി പ്രതിപുരുഷ യോഗത്തില്‍ പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് പള്ളിയെ പ്രതിനിധീകരിച്ച് സ്ഥാപക വികാരിയായ കൂരന്‍ താഴത്തുപറമ്പില്‍ ബഹു. പൗലോസ് കത്തനാര്‍, തേലപ്പിള്ളി ഇട്ടീരവര്‍ഗ്ഗീസ്, പൂവ്വന്ത്ര വര്‍ക്കിയൗസേപ്പ് എന്നിവര്‍ പങ്കെടുത്ത് ഒപ്പ് വെച്ചിട്ടുണ്ട്. (സുറിയാനി സഭ-ചരിത്രവും വിശ്വാസസത്യങ്ങളും – പേജ് 228, കണിയാമ്പറമ്പില്‍ കുര്യന്‍ കോര്‍ എപ്പിസ്കോപ്പ) ഈ സുന്നഹദോസില്‍ 103 പള്ളികളില്‍ നിന്നായി 130 പട്ടക്കാരും 144 അത്മായക്കാരും സംബന്ധിച്ചിരുന്നു.
പള്ളിയുടെ പ്രധാന ത്രോണോസ് പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലും വടക്കുവശത്തെ ത്രോണോസ് വി.ദൈവമാതാവിന്‍റെയും മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെയും നാമങ്ങളിലും തെക്കുവശത്തെ ത്രോണോസ് സുവിശേഷകനായ വി.യോഹന്നാന്‍ ശ്ലീഹായുടെ നാമത്തിലും സ്ഥാപിതമായിരിക്കുന്നു.
ഇന്ന് എം.സി. റോഡും എന്‍.എച്ച് 47 ഉം സന്ധിക്കുന്ന അങ്കമാലി പട്ടണത്തിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് പീച്ചാനിക്കാട് ഗ്രാമവും സെന്‍റ്. പീറ്റേഴ്സ് പള്ളിയും സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്‍റെ കിഴക്കുഭാഗത്തുകൂടി കൊച്ചി-മംഗലാപുരം റെയില്‍പാത നിര്‍മ്മിച്ചപ്പോള്‍ ഈ ഗ്രാമം രണ്ടായി വിഭജിക്കപ്പെട്ടു. അങ്കമാലി പട്ടണത്തില്‍ നിന്നും തൃശ്ശൂര്‍ റൂട്ടില്‍ മൂന്ന് കി.മി.സഞ്ചരിച്ച് എളവൂര്‍ കവലയില്‍ നിന്നും പടിഞ്ഞാറ് പുളിയനം റോഡില്‍ റെയി ല്‍വേ മേല്‍പ്പാലത്തിലൂടെ 1 കി.മി. സഞ്ചരിച്ചാല്‍ പള്ളിയില്‍ എത്തിച്ചേരാം.
Download and install
St Peters Church Peechanikkadu version 1.0 on your
Android device!
Downloaded 10+ times, content rating: Everyone
Android package:
com.stpeters, download St Peters Church Peechanikkadu.apk
by N####:
Super